Saturday, 25 February 2012

ഐ . സി. യു. മുറി

സന്ദര്‍ശനസമയം കഴിഞ്ഞുപോയ്‌,
ആളൊഴിഞ്ഞു, അരണ്ട വെളിച്ചങ്ങള്‍,
മരുന്നു മണുക്കുന്ന മുറികളില്‍
പരക്കും തണുപ്പ്, പതിഞ്ഞ ഞരക്കങ്ങള്‍,
ജനിമൃതികള്‍ക്കിടയില്‍ നേര്‍ത്ത
രേഖകള്‍ വരച്ചൊരു ഇ. സി. ജി. യന്ത്രം
ബീപ് ബീപ് മന്ത്രം  ജപിയ്ക്കുന്നു !

പ്രാണവായു ശ്വാസനാളത്തില്‍ തള്ളുന്നു
താളം തെറ്റാതെ വെന്റിലേറ്റര്‍,
സ്പന്ദിക്കാന്‍ മറന്ന ഹൃദയഭിത്തിയില്‍
ചാട്ടവാര്‍ അടിയുമായ്‌ പേസ്മേക്കര്‍,
ഒരായുഷ്ക്കാലത്തിന്‍റെ പാപമരിക്കുന്നു
തിരിയും ഡയാലിസിസ് ചക്രങ്ങള്‍,
വിട്ടു പോകാന്‍ കൊതിക്കുന്നയെന്‍ ജീവനെ
കെട്ടിയിട്ടു കറങ്ങുന്ന യന്ത്രങ്ങള്‍..!!

മുറിക്കപ്പുറം കാത്തിരിപ്പുണ്ട്                          
ഉറക്കമറ്റ കണ്ണുമായ് കൂട്ടിരിപ്പുകാര്‍ ,
ജനലിനപ്പുറം ഒരു തണുത്ത കാറ്റായി
മൃതി, പാളിയില്‍  ചെറു പഴുതുകള്‍ തേടുന്നു..!!

 വൈദ്യശാസ്ത്രം പങ്കിട്ടെടുത്ത മെയ്യുമായ്
കിടക്കയാണ് ഞാനീ നനുത്ത മെത്തയില്‍,
പെരുകുന്ന ഐ. സി. യു. ബില്ലില്‍, ഉരുകി ;
സന്ദര്‍ശനവേളയിലെന്നെ പൊതിയുന്ന കണ്‍കളില്‍
നിറയും നിസ്സംഗതയില്‍ തണുത്തുറഞ്ഞ് ;
ഒരു യന്ത്രത്തിനും വേണ്ടാതെ ;
മുറിയുടെ മൂലയില്‍ എവിടെയോ
കിടപ്പുണ്ട്,  എന്‍റെ മനസ്സ്....... !!!



30 comments:

  1. മുറിയുടെ മൂലയില്‍ എവിടെയോ
    കിടപ്പുണ്ട്, എന്‍റെ മനസ്സ്....... !!!

    ReplyDelete
  2. ഒരു ചെറിയ കവിത എങ്കിലും ഒരു രോഗിയുടെ മനസ്സ്‌ കഥ പോലെ വിശദമാക്കി. കിടക്കുമ്പോഴും മനസ്സ്‌ വേവാലാധിപ്പെടുന്ന ബില്ലിനെക്കുറിച്ചും, അയാളുടെ കാഴ്ച്ചകളാല്‍ ആ മുറിയെ പരിചയപ്പെടുത്ത്യപ്പോഴും കവിയുടെ മനസ്സും കാണാനായി. ഇനിയും ആശുപത്രി വിശേഷങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കാമല്ലോ.
    ആശംസകള്‍.

    ReplyDelete
    Replies
    1. താങ്കളുടെ വരവിനും അഭിപ്രായങ്ങള്‍ രേഖപെടുതിയത്തിനും വളരെ നന്ദി

      Delete
  3. മുറിയുടെ മൂലയില്‍ എവിടെയോ
    കിടപ്പുണ്ട്, എന്‍റെ മനസ്സ്.......

    ഉം... ഐ സി യു കാഴ്ചകള്‍...... നന്നായി...

    ReplyDelete
    Replies
    1. സുഹൃത്തേ അഭിപ്രായം അറിയിച്ചതില്‍ സന്തോഷം

      Delete
  4. അവസാനവരിയില്‍ കവിതയുടെ ഹൃദയം മിടിച്ചുകൊണ്ടിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  5. last paragraphile varikal nannaayirikkunnu.

    ReplyDelete
  6. ആശുപത്രി മണമുള്ള കവിത. നല്ല ഒഴുക്കുണ്ട്. തുടരുക.

    ReplyDelete
  7. വിട്ടുപോകാനും പൊരുത്തപ്പെടാനുമാവാത്ത മനസ്സ്
    നന്നായിട്ടുണ്ട്

    ReplyDelete
  8. ഒന്ന് താളത്തിലാക്കി വായിക്കാന്‍ മൂന്ന് വായന വേണ്ടി വന്നു. താളത്തില്‍ ആയിക്കിട്ടിയപ്പോള്‍ നല്ല രസം സുഖം.

    ജനലിനപ്പുറം ഒരു തണുത്ത കാറ്റായി
    മൃതി, പാളിയില്‍ ചെറു പഴുതുകള്‍ തേടുന്നു..!!
    ഇടയ്ക്കിടെ ചിലയിടങ്ങളില്‍ കവി കത്തികയറുന്നു!!!!

    നിര്‍ത്തിയതും ആസ്വദിച്ചു!!!!!
    സന്ദര്‍ശനവേളയിലെന്നെ പൊതിയുന്ന കണ്‍കളില്‍
    നിറയും നിസ്സംഗതയില്‍ തണുത്തുറഞ്ഞ് ;
    ഒരു യന്ത്രത്തിനും വേണ്ടാതെ ;
    മുറിയുടെ മൂലയില്‍ എവിടെയോ
    കിടപ്പുണ്ട്, എന്‍റെ മനസ്സ്....... !!!
    ആശംസകള്‍.

    ReplyDelete
  9. എന്‍റെ മനസ്സ്....... !!!

    Best wishes

    ReplyDelete
  10. ഇതു വഴി വന്നു അഭിപ്രായങ്ങള്‍ പറഞ്ഞ ആറങ്ങോട്ടുകര മുഹമ്മദ്‌, സിബു,നാരദന്‍, പൊട്ടന്‍, ജോയ്‌, പേര് പിന്നെ പറയാം എല്ലാവര്ക്കും നന്ദി

    ReplyDelete
  11. എന്നും കാണുന്ന കാഴ്ചകളില്‍ നിന്നാവാം ഈ കവിത.... അല്ലെ?
    സന്ദര്‍ശനവേളയിലെന്നെ പൊതിയുന്ന കണ്‍കളില്‍
    നിറയും നിസ്സംഗതയില്‍ തണുത്തുറഞ്ഞ് ;
    ഒരു യന്ത്രത്തിനും വേണ്ടാതെ ;
    മുറിയുടെ മൂലയില്‍ എവിടെയോ
    കിടപ്പുണ്ട്, എന്‍റെ മനസ്സ്....... !!!
    തീര്‍ച്ചയായും കവിതയുണ്ട് മനസ്സില്‍. വായിക്കാന്‍ ഇനിയും വരാം.

    ReplyDelete
  12. പറയാനൊക്കില്ല ഇത്തരം ഒരു അവസ്ത്ഥയിലൂടെ കടന്ന് പോകുമോ എന്ന്...വായിച്ചപ്പൊ ഒരു ടെന്‍ഷന്‍,,

    ReplyDelete
  13. എന്‍റെ മനസ്സ്

    ആ മനസ്സ്‌ നന്നായിട്ടുണ്ട് ...!!

    ReplyDelete
    Replies
    1. അഭിപ്രായങ്ങള്‍ അറിയിച്ച കാടോടികാട്റ്റ്‌ ,അനശ്വര,, കൊച്ചുമോള്‍ വളരെ നന്ദി

      Delete
  14. ആദ്യമായാണ് ഡോക്ടറുടെ ബ്ലോഗ് വായിക്കുന്നത് .....- അനുഭവങ്ങള്‍ മനസ്സില്‍തട്ടി പ്രതിഫലിക്കുമ്പോള്‍ ഭാവാത്മകമായ കവിതയുണ്ടാകുന്നു... - സ്വന്തം പ്രവര്‍ത്തന മേഖലയില്‍ നിന്നുതന്നെ ഡോക്ടര്‍ തിരഞ്ഞെടുത്ത ബിംബകല്‍പ്പനകള്‍ക്ക് നല്ല തിളക്കമുണ്ട്... കവിത ഇഷ്ടപ്പെട്ടു ഡോക്ടര്‍...

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായം വളരെ പ്രോത്സാഹനം നല്‍കുന്നു.. നന്ദി

      Delete
  15. ഒരു ഫെബ്രുവരിമാസത്തില്‍ ബോംബെയിലെ ഹോളി സ്പിരിറ്റ്സ് ഹോസ്പിറ്റലിലെ ഐസിയു റൂമില്‍ ശൂന്യമായ മനസ്സോടെ ഹൃദയസ്പന്ദനങ്ങള്‍ രേഖപ്പെടുത്തുന്ന സ്ക്രീനിലേയ്ക്കും നോക്കി 8 ദിവസം കിടന്നിട്ടുണ്ട്.. പുറത്തൊരു ലോകമുണ്ടെന്ന് മറന്ന ദിനരാത്രങ്ങള്‍, രാത്രിയേത് പകലേത് എന്നുപോലും തിരിച്ചറിയാനാവാത്ത നിമിഷങ്ങള്‍. ബീപ് ബീപ് ശബ്ദവും, ഓക്സിജന്‍ സിലിണ്ടറില്‍ നിന്നും മുഖത്തടിയ്ക്കുന്ന വായുപ്രവാഹത്തിന്റെ ദീനമായസംഗീതവും നുണഞ്ഞ് കിടന്ന ദിനരാത്രങ്ങള്‍.

    നന്നായിട്ടുണ്ട് കവിത..
    ആശംസകള്‍!

    ReplyDelete
    Replies
    1. താങ്കളുടെ അനുഭവം പങ്കു വെച്ചതിനും അഭിപ്രായത്തിനും നന്ദി

      Delete
  16. "വിട്ടു പോകാന്‍ കൊതിക്കുന്നെ‍ന്‍ ജീവനെ
    കെട്ടിയിട്ടു കറങ്ങുന്ന യന്ത്രങ്ങള്‍..!!"

    എട്ടുപോലെ കറക്കുന്നെൻ പ്രാണനെ
    തുട്ടുകൾക്കായിട്ടയ്യോ ശിവ ശിവ

    ReplyDelete
  17. ജീവിതല്‍ പലപ്പോഴും ഇതു പോലെ മനസ്സ് വിട്ടു സഞ്ചാരിക്കെണ്ടാതായി വരും
    ഉണരത്തുക മനസ്സിനെ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ കേള്‍പ്പുള്ളവനാണ് ശരിരത്തിനോടു
    നല്ല ആശുപത്രി ചിന്തകള്‍ ഇനിയും വരട്ടെ വിതസ്ഥ കോണുകളില്‍ നിന്നും കവിതകള്‍ ആശംസകള്‍

    ReplyDelete
  18. മുറിക്കപ്പുറം കാത്തിരിപ്പുണ്ട്
    ഉറക്കമറ്റ കണ്ണുമായ് കൂട്ടിരിപ്പുകാര്‍ ,
    ജനലിനപ്പുറം ഒരു തണുത്ത കാറ്റായി
    മൃതി, പാളിയില്‍ ചെറു പഴുതുകള്‍ തേടുന്നു..!!

    നല്ല വരികള്‍ ..
    ഇവിടെ ആദ്യമാണ് ... കവിതകള്‍ ഇഷ്ടപ്പെട്ടു
    ആശംസകള്‍ ... ഇനിയും വരാം

    ReplyDelete
  19. അഭിപ്രായങ്ങള്‍ അറിയിച്ച കലാവല്ലഭവന്‍ ,കവിയൂര്‍ ജി, വേണുഗോപാല്‍ വളരെ നന്ദി

    ReplyDelete
  20. കൃത്യ നിര്‍വഹണത്തിനിടയില്‍
    ഉരുത്തുരിഞ്ഞ ഈ വരികള്‍
    തനതായ ശൈലിയില്‍ ഇവിടെ
    പകരുവാന്‍ ശ്രമിച്ച കവിയുടെ
    ലക്‌ഷ്യം ഒട്ടും തെറ്റിയില്ല
    നന്നായിട്ടുണ്ട്
    വീണ്ടും എഴുതുക അറിയിക്കുക
    പിന്നൊരു കാര്യം പറയാതെ
    പോകുവാനും കഴിയുന്നില്ല
    ഒരിക്കല്‍ മറ്റൊരു സുഹൃത്ത്‌
    പറഞ്ഞു തന്നത്:
    താങ്കള്‍ ഇവിടെ ഒപ്പം ചേര്‍ത്തിരിക്കുന്ന
    ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കുക!
    അതില്‍ ചില cross ലൈനുകള്‍ കണ്ടോ?
    അത് copyright ഉള്ള ചിത്രങ്ങള്‍ ആണ്
    അത് free അല്ല പണം കൊടുത്തു വാങ്ങി മാത്രമേ
    അത് ചേര്‍ക്കാന്‍ കഴിയു, പണം കൊടുത്താല്‍ അവര്‍
    ആ water mark മാറ്റി തരും. അല്ലാതെ അതുപയോഗിക്കാന്‍ പാടില്ല.
    അതുകൊണ്ട് മറ്റൊരു ചിത്രം എത്രയും വേഗം കൊടുക്കുക.
    ഈ ചിത്രം മാറ്റുക.
    എന്റെ ബ്ലോഗില്‍ വന്നതിലും അഭിപ്രായം പറഞ്ഞതിലും നന്ദി

    ReplyDelete
  21. നല്ല വരികള്‍ ...
    നന്നായിട്ടുണ്ട് :)

    ReplyDelete
  22. കവിത വളരെ ഇഷ്ടപ്പെട്ടു .
    "വിട്ടു പോകാന്‍ കൊതിക്കുന്നെന്‍ ജീവനെ
    കെട്ടിയിട്ടു കറങ്ങുന്ന യന്ത്രങ്ങള്‍ " എത്ര മനോഹരമായ വരികള്‍ !
    കവിക്ക്‌ അഭിനന്ദനങ്ങള്‍

    ReplyDelete
  23. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍
    പാപമരിക്കുന്നു - ഇത് പാപമിരക്കുന്നു എന്നല്ലേ?

    ReplyDelete
  24. വളരേയധികം തീവ്രതയുണ്ടല്ലോ എഴുത്തുകൾക്ക്, എനിക്കാകെ വല്ലാതാവുന്നു. നന്നായിട്ടുണ്ട് ട്ടോ. ആശംസകൾ.

    ReplyDelete
  25. മറവിയുടെ മാറലയില്‍ പുതഞ്ഞു കിടന്ന ചില ദിനങ്ങളെ ഈ കവിത പൊടി തട്ടിയെടുത്തു....
    ഒരോ വസ്തുവിനെയും സൂക്ഷ്മമായി വര്‍ണ്ണിച്ചിരിക്കുന്നതിനു കവി വിജയിച്ചിരിക്കുന്നു...
    അധികം എന്തൊക്കൊയോ പറയണമെന്നുണ്ട്...പക്ഷേ, എവിടെയോ ഒരു വിങ്ങല്‍..സാരമില്ല..

    ReplyDelete