വാര്‍ണീഷ് വരണ്ടു,
ചിതലരിച്ചു
തുടങ്ങിയിട്ടുണ്ട്....
എറിഞ്ഞുകളയാമെന്നുപറഞ്ഞാല്‍
എന്നിട്ടും കണ്ണുനിറയും,
മുത്തശിക്ക്...
പുതിയ ഫ്ലാറ്റിലെ ഫര്‍ണീഷ്ഡ്
റൂമില്‍
അതിഥികള്‍ , “ ഇതിവിടെ
ചേരില്ലെന്ന് “
അലമാര ചൂണ്ടിപറയുമ്പോള്‍
മുത്തശിയുടെ കണ്‍കളില്‍ സങ്കടത്തേക്കാളേറെ
ഭയമാണ് നിഴലിക്കുക.....
എപ്പോഴും പൂട്ടിയാണ്
വെയ്ക്കുക ;
എല്ലാരും കാണ്‍കെയാണ്,
തലയിണയ്ക്കടിയില്‍ താക്കോല്‍
തിരുകുക.. ;
എന്നിട്ടും മുത്തശിയല്ലാതെ
തുറന്നുകണ്ടിട്ടില്ലിതുവരെ..
മുത്തശിയുടെ തുണികളാകും
നിറയെ
എന്നാണ് ചിറ്റമ്മ
പറയാറ്.....
പൊന്നും പണ്ടവുമാകുമെന്ന്
അടുക്കളക്കാരി ജാനു....
ആരുമില്ലാത്തൊരു ദിനമാണ്
തുറന്നത്..
ഒന്ന്
വാര്‍ണീഷ് പൂശണം ;
എല്ലാം
ഒന്നടുക്കി, മുത്തശിയെത്തും മുന്‍പ്
തിരികെ
വെച്ചടയ്ക്കണം...
മുത്തശിയുടേതായി
അധികമൊന്നുമില്ല..
മക്കളുടെ,
ചെറുമക്കളുടെ, പഴയ കുഞ്ഞിയുടുപ്പുകള്‍,
വലിച്ചെറിഞ്ഞ
കളിപ്പാട്ടങ്ങള്‍,
മരിച്ച
മുത്തശന്‍റെ പൊട്ടിയ കണ്ണട....
ഒന്നും
അനക്കിയില്ല...
വാര്‍ണീഷ്
പൂശിയുമില്ല...
അലമാരയടച്ചു
ഉമ്മറത്തെത്തുമ്പോള്‍
വെയില്‍കൊണ്ട്
വാടിക്കരിഞ്ഞു
വന്നു
കയറുന്നു മുത്തശി...
ഓണത്തിനു
പുതിയ സെറ്റ്മുണ്ട്
വാങ്ങണ്ടേയെന്നു
ചോദിക്കുമ്പോള്‍
“
എന്തിനാടാ ; അലമാര നിറയെ
നിങ്ങള്‍
വാങ്ങിത്തന്ന തുണിയല്ലേ “ യെന്നു
പല്ലില്ലാത്ത
മോണ കാട്ടി ചിരിക്കുന്നു...
കാലം
മഴവില്ലുകള്‍ ഒളിപ്പിക്കുന്നത്
നിറം
മങ്ങിപോയ, പഴയ ചില ചെപ്പുകളിലാണ്.....!