Friday, 23 March 2012

ഭ്രാന്ത് – കുറെ ഓര്‍മ്മകുരുക്കുകള്‍

ഓര്‍മ്മകള്‍ ഒഴുകുന്ന വഴികളില്‍ ,
നീളുന്ന യാത്രാകുരുക്കുകള്‍...!!
നാഡീപഥങ്ങളുടെ നാല്‍ക്കവലയില്‍
കുതിക്കുന്ന ഓര്‍മ്മക്കൂട്ടങ്ങളെ തടയാനാവാതെ
ഞാന്‍ തളര്‍ന്നു നില്‍ക്കുമ്പോളും
മസ്തിഷ്ക ഭിത്തിയില്‍ മുഴങ്ങുന്നത്
ആസന്നമായ കൂട്ടിയിടികളുടെ ഇടിമുഴക്കമാണ്..!!

ഇടത്തോ വലത്തോ തിരിയണമെന്നറിയാതെ
നില്‍പ്പുണ്ട് , നാല്‍ക്കവലയില്‍ പഴമയുടെ
ഒറ്റമുണ്ടു ചുറ്റി കുറെ ഓര്‍മ്മപിശകുകള്‍...!!
അടഞ്ഞ വഴികളില്‍ ഞരങ്ങി നില്‍ക്കുമ്പോളും
തുറിച്ചുനോക്കി പുലമ്പുന്നു അസഭ്യവാക്കുകള്‍.
അഴിക്കും തോറും മുറുകി മുറുകി
ഒരു തെരുവോരത്തെയാകെ ശ്വാസം കെടുത്തി,
കുതറിതെറിച്ചു നീണ്ട കാഹളം മുഴക്കിയെന്‍റെ
ഉറക്കം കെടുത്തുന്നുയീ ഓര്‍മ്മകുരുക്കുകള്‍.....

തിരക്കില്‍ തെരുവോരത്തൊരിടത്തിരുന്നു
നിന്‍റെ ഓര്‍മ്മകള്‍ മാത്രമെന്തിനാണിങ്ങനെ
തലകുനിച്ചു തേങ്ങിക്കരയുന്നത്.........?

ഒടുവിലാരാണീ സ്മൃതിമണ്ഡപങ്ങളുടെ
ഇടവഴിയില്‍ ട്രാഫിക്‌ സിഗ്നല്‍ നാട്ടിയത്........?
ചവര്‍പ്പ് ചുവക്കുന്ന മരുന്നിലീ നാഡീപഥങ്ങളില്‍
പടര്‍ന്ന ചുവപ്പില്‍ ഓര്‍മ്മകള്‍ നിര്‍ജീവമായി
വീണുറങ്ങിയപ്പോള്‍ എന്തൊരു ശാന്തതയായിരുന്നു.......

പക്ഷെ ;  ഇപ്പോള്‍ പതിവായി ഓര്‍മ്മക്കൂട്ടങ്ങളെ
നിങ്ങള്‍ ട്രാഫിക്‌ റൂളുകള്‍ തെറ്റിച്ചുകൊണ്ടെയിരിക്കുമ്പോള്‍
നീണ്ട ഒരു ഹര്‍ത്താല്‍ ദിനത്തിന് കാത്തിരിക്കുകയാണ്
ഞാന്‍, ഗാഢമായ്‌ എല്ലാം മറന്നൊന്നുറങ്ങുവാന്‍.......!

Monday, 5 March 2012

ചില്ലുഗ്ലാസ്സുകള്‍ ഉടയുമ്പോള്‍മറച്ചുവെച്ചതെന്ത്‌ ഉള്ളിലുള്ളത്
നിന്‍ കപടഹൃദയം പോലെ ഞാന്‍....?
നിനക്കായി ഒലിച്ചുതീര്‍ന്നില്ല, തീയില്‍
നീയെന്‍ ഉള്ളുരുക്കി ചിരിച്ചപ്പൊളും...

എന്നുമെന്നാര്‍ദ്ര ഹൃദയ തീര്‍ത്ഥമല്ലേ
നിന്‍റെ വരണ്ട ചുണ്ടില്‍ നനവുറ്റിച്ചത്...?
വിരല്‍ത്തുമ്പുകള്‍ക്കെന്നും മൃദുസ്പര്‍ശനം;
ഒരുപോറലേകിയില്ലല്ലോ ഞാനിതുവരെ..

ഉടയുമെന്നറിഞ്ഞിട്ടും നിലത്തെറിഞ്ഞെന്നെ
ചിതറിച്ചതെന്തിങ്ങനെയിന്നു നീ.......?
തകര്‍ത്തെറിഞ്ഞ ഹൃദയങ്ങളെയെന്നപോല്‍,
തൂത്തെടുക്കുക ഒരു ചൂലിനാല്‍, ഇട്ടുകൊളളുക
ചവറ്റുകുട്ടയിലീ ചില്ലുകഷണങ്ങളെ.......

തറയില്‍ ഒരു മൂലയില്‍ ഒന്നെങ്കിലും ശേഷിക്കും
കൂര്‍ത്തത്, നിന്‍റെ കാല്‍ വിരല്‍ തുളയ്ക്കുവാന്‍....!
ചിതറിയയീ കൂര്‍ത്ത ചീളുകള്‍ക്ക് നിന്‍
കാലിലെ നിണമിത്തിരി നുണയാതെ വയ്യിനി ;
പച്ച മാംസങ്ങളില്‍ കുത്തി തുളച്ചതില്‍ നീ
നീറി ഉരുകുമ്പോളാണെനിക്കാത്മശാന്തി........!!

Saturday, 25 February 2012

ഐ . സി. യു. മുറി

സന്ദര്‍ശനസമയം കഴിഞ്ഞുപോയ്‌,
ആളൊഴിഞ്ഞു, അരണ്ട വെളിച്ചങ്ങള്‍,
മരുന്നു മണുക്കുന്ന മുറികളില്‍
പരക്കും തണുപ്പ്, പതിഞ്ഞ ഞരക്കങ്ങള്‍,
ജനിമൃതികള്‍ക്കിടയില്‍ നേര്‍ത്ത
രേഖകള്‍ വരച്ചൊരു ഇ. സി. ജി. യന്ത്രം
ബീപ് ബീപ് മന്ത്രം  ജപിയ്ക്കുന്നു !

പ്രാണവായു ശ്വാസനാളത്തില്‍ തള്ളുന്നു
താളം തെറ്റാതെ വെന്റിലേറ്റര്‍,
സ്പന്ദിക്കാന്‍ മറന്ന ഹൃദയഭിത്തിയില്‍
ചാട്ടവാര്‍ അടിയുമായ്‌ പേസ്മേക്കര്‍,
ഒരായുഷ്ക്കാലത്തിന്‍റെ പാപമരിക്കുന്നു
തിരിയും ഡയാലിസിസ് ചക്രങ്ങള്‍,
വിട്ടു പോകാന്‍ കൊതിക്കുന്നയെന്‍ ജീവനെ
കെട്ടിയിട്ടു കറങ്ങുന്ന യന്ത്രങ്ങള്‍..!!

മുറിക്കപ്പുറം കാത്തിരിപ്പുണ്ട്                          
ഉറക്കമറ്റ കണ്ണുമായ് കൂട്ടിരിപ്പുകാര്‍ ,
ജനലിനപ്പുറം ഒരു തണുത്ത കാറ്റായി
മൃതി, പാളിയില്‍  ചെറു പഴുതുകള്‍ തേടുന്നു..!!

 വൈദ്യശാസ്ത്രം പങ്കിട്ടെടുത്ത മെയ്യുമായ്
കിടക്കയാണ് ഞാനീ നനുത്ത മെത്തയില്‍,
പെരുകുന്ന ഐ. സി. യു. ബില്ലില്‍, ഉരുകി ;
സന്ദര്‍ശനവേളയിലെന്നെ പൊതിയുന്ന കണ്‍കളില്‍
നിറയും നിസ്സംഗതയില്‍ തണുത്തുറഞ്ഞ് ;
ഒരു യന്ത്രത്തിനും വേണ്ടാതെ ;
മുറിയുടെ മൂലയില്‍ എവിടെയോ
കിടപ്പുണ്ട്,  എന്‍റെ മനസ്സ്....... !!!