Friday, 23 August 2013

പണിതീരാത്ത വീടുകള്‍

കാലമേറെയായിട്ടും പണി തീരാത്ത വീടുകളില്ലേ..;
ഒരു ഓര്‍മപ്പിശകു പോലെ...
സിമന്‍ട് പൂശാതെ , മേല്‍ക്കൂര മേയാതെ...
പാതി തീര്‍ന്ന  ഭിത്തിയില്‍ നിന്നെത്തി നോക്കും
തുരുമ്പിച്ച കമ്പിയുടെ അസ്ഥികൂടങ്ങളുമായ്.....
ഒന്ന് ഉള്‍വലിഞ്ഞു, ഒന്നുംമിണ്ടാതെ നില്‍ക്കുന്നവ..!!

കാരണങ്ങള്‍ പലതാകാം;
തികയാത്ത ലോണ്‍ തുക , കൈ പൊള്ളുന്ന
പലിശകള്‍, പെട്ടെന്നുള്ളൊരു മരണമാകാം;
എന്തുമാകട്ടെ ; അത് അങ്ങനെ നില്‍ക്കും,
ഒരു അപശകുനം പോലെ ,
പണി തീരാത്ത വീടുകള്‍...!!!!

പണി തീര്‍ന്നില്ലെന്നുകരുതി
ആള്‍പാര്‍പ്പില്ലെന്നു കരുതണ്ട...;
വാതില്‍ ഒന്ന് തട്ടി നോക്കണം;
ഒരു തെല്ല് ജാള്യതയോടെ ഒരു
അച്ഛന്‍ ഇറങ്ങി വന്നേക്കാം;
“ മഴ തീര്‍ന്നിട്ടു വേണം
പണി തീര്‍ക്കാന്‍ ” എന്ന് കള്ളം പറഞ്ഞേക്കാം..;
ക്ഷമിച്ചേക്കണം; ഒരായുസിന്റെ
സ്വപ്നം പൊലിഞ്ഞുപോയതിന്റെ
ദുഖമുണ്ടാകുമാ കണ്‍കളില്‍...

ചിലപ്പോള്‍  ഒരമ്മ വന്നേക്കാം
രാത്രിയില്‍ പൂട്ടാന്‍ കഴിയാത്ത
വാതിലുകളെ കുറിച്ചും,
തുറന്നു കിടക്കുന്ന പാളിയില്ലാത്ത
ജനലുകളെ കുറിച്ചും ആവലാതിയോടെ
നിങ്ങളോട് പറഞ്ഞേക്കാം....

പുസ്തകകെട്ടുമായി വന്നുകേറുന്നൊരു
കുഞ്ഞു; വര്‍ഷാവസാനപരീക്ഷയ്ക്കെങ്കിലും
കറന്റ്റ് കിട്ടുമോയെന്നു , ആരോടെന്നില്ലാതെ
ഒരു ചോദ്യമെറിഞ്ഞേക്കാം....

തിരിച്ചു പോരുമ്പോള്‍ മുറ്റത്തെത്തി
തിരിഞ്ഞൊന്നു നോക്കണം..;
പാളിയില്ലാത്ത ജനലിന്‍ മറയില്‍,
പണി തീരാത്ത വീടുകള്‍ പോലെ
അങ്ങനെ നിന്ന് പോകുമോ എന്ന്
ആശങ്ക ഉള്ളില്‍ നിറച്ചു
കല്യാണസ്വപ്നങ്ങളുമായി ചില
കണ്ണുകള്‍ കാണാം..!!

മഴയില്‍ ചോര്‍ന്നൊലിച്ചും
വെയിലില്‍ വാടി തളര്‍ന്നും
രാത്രിയില്‍ സാക്ഷയില്ലാത്ത
വാതില്‍ അമര്‍ത്തി ചാരിയും ,
കാറ്റില്‍ തുറക്കുന്ന ജാലകങ്ങളെ
ഇറുക്കി പിടിച്ചും ,
പാതി പണിതീര്‍ന്ന മതിലുകള്‍
കടന്നെത്തും തെരുവ്നായ്ക്കള്‍
പങ്കിട്ടെടുത്ത കളനിറഞ്ഞ മുറ്റവുമായ് ,
ഉള്ളില്‍ തീരാത്ത കാത്തിരിപ്പുമായി ,
ഒരു പാല്കാച്ചല്‍ സ്വപ്നം കണ്ടു ,
പണിതീരാത്ത വീടുകള്‍
അങ്ങനെ നില്‍ക്കുന്നുണ്ടാകും
ഒരു അപശകുനം പോലെ...!!!!!

23 comments:

 1. ഉള്ളില്‍ തീരാത്ത കാത്തിരിപ്പുമായി ,
  ഒരു പാല്കാച്ചല്‍ സ്വപ്നം കണ്ടു ,
  പണിതീരാത്ത വീടുകള്‍
  അങ്ങനെ നില്‍ക്കുന്നുണ്ടാകും
  ഒരു അപശകുനം പോലെ...!!!!!

  ReplyDelete
 2. വീടുകൾക്ക് നാവുണ്ടായിരുന്നെങ്കിൽ അവയും സംസാരിച്ചേനെ അല്ലേ ഡോക്ടർ? ഒരു വീടിന്റെ മനസ്സ്, അതിൽ താമസിക്കുന്നവരുടെ മനസ്സുകളുമായി അവരറിയാതെ സംവദിക്കുന്നുണ്ടാവാം.പണിതീരാത്ത വീടിനുള്ളിലെ ആകുലതകളും,ദീർഘനിശ്വാസങ്ങളിലൊതുങ്ങുന്ന സ്വപ്നങ്ങളും വളരെ മനോഹരമായി അവതരിപ്പിച്ചു.ഇഷ്ടമായി.

  ശുഭാശംസകൾ...

  ReplyDelete
 3. എനിക്കീ കവിത നന്നായി ബോധിച്ചു...കാരണം ഞാന്‍ ഈ ഫീല്‍ഡിലാണ് വര്‍ക്കുചെയ്യുന്നത്....

  ReplyDelete
 4. എനിക്ക് ഈ കവിത നന്നായി ബോധിച്ചു.


  ഒരു വീട് വയ്ക്കാന്‍ തുനിഞ്ഞപ്പോള്‍ 1600 സ്ക്വയര്‍ ഫീറ്റ് എങ്കിലുമില്ലാതെ ഇപ്പഴത്തെക്കാലത്ത് എങ്ങനെയാ വീട് വയ്ക്കുന്നത് എന്ന് പറഞ്ഞ് എല്ലാരും നിര്‍ബന്ധിച്ചു.
  ഞാന്‍ ഒരൊറ്റ വാശിയില്‍ നിന്നു. 1000-ത്തില്‍ താഴെ മതി.
  980 ന്റെ ഒരു ചെറിയ വീട് പണി പൂര്‍ത്തിയായി വരുന്നു.

  ReplyDelete
  Replies
  1. ചങ്കൂറ്റം! അല്ലാതെന്താ? വിസ്തീര്‍ണ്ണം തീരുമാനമാകാത്ത്തത് കൊണ്ട് എന്റെ വീടുപണി ഇനിയും തുടങ്ങാനായില്ല, അജിത്തെട്ടാ...

   നല്ല കവിത!

   Delete
 5. ഇനി ഞാനൊരെണ്ണം പണിതുയര്‍ത്തട്ടെ

  ReplyDelete
 6. ഒരു അപശകുനം പോലെ, അങ്ങനെ നില്‍ക്കുന്ന ആയിരക്കണക്കിന് വീടുകള്‍ കണ്ടിട്ടുണ്ട്.പ്രധാന പ്രശ്നം, അയല്‍ക്കാരന്‍ വച്ചതിനേക്കാള്‍ വലുത് വയ്ക്കാനുള്ള തൊരയില്‍, സ്വന്തം പോക്കറ്റ്‌ന്‍റെ കനം കുറവാണെന്നത് മറന്നു പോകുന്നത് തന്നെ-- പിന്നെ വിളിക്കാതെ വിരുന്നിനെത്തുന്ന മരണങ്ങളും---
  ആശംസകള്‍--
  ReplyDelete
 7. വളരെ നന്നായിരിക്കുന്നു......തമിഴിൽ ഒരു ചൊല്ലുണ്ട്, " വീട് കെട്ടി പാറ് , കല്യാണം പണ്ണി പാറ് " രണ്ടും ബുദ്ധിമുട്ടുള്ളത് തന്നെ ..

  ReplyDelete
 8. എന്റെ വീടു പണിയും ഇഴഞ്ഞു നീങ്ങുന്നു..,
  പ്രവാസിയെ കുറിച്ച് രണ്ട് വാക്ക് പറയാമായിരുന്നു...

  ReplyDelete
 9. എന്‍റെ സുഹ്രുത്തു ഈയിടെ 900 സ്കൊയര്‍ ഫീറ്റ്‌ വീട് വെച്ചിരുന്നു.. മനോഹരമായ വീട്. പത്തു ലക്ഷം രൂപ ആയി. അതുപോലെ ഒന്ന് തട്ടികൂട്ടണം.

  ReplyDelete
 10. ഇതൊക്കെ കൊണ്ടാണ് ഞാൻ പുര വെക്കാത്തത് :)

  ReplyDelete
 11. അഭിമാനപ്രശ്നം...ഒരു ജീവിതം മുഴുവന്‍ കടക്കാരനായി ജീവിക്കേണ്ടി വന്നാലും നാലാളു കുറ്റം പറയരുതല്ലോ...

  ReplyDelete
 12. വീട്..ലോകത്തിന്റെ ഒരു ചെറിയ പതിപ്പ്..

  ReplyDelete
 13. അത് ശെരിക്കും നല്ല കുറിപ്പ്. രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് നേരിട്ട് കണ്ടൊരു കാഴ്ച!

  ReplyDelete
 14. ചില പ്രവാസ കാഴ്ചകളിലും ഈ
  അപശകുനങ്ങള്‍ കാണാറുണ്ട്‌ !
  കൊള്ളാം.....വരികള്‍
  അസ്രൂസാശംസകള്‍ :)

  ReplyDelete
 15. അഭിപ്രായങ്ങള്‍ക്ക് നന്ദി സുഹൃത്തുകളെ.......

  ReplyDelete
 16. ഇന്നലെയാണ് വായിച്ചത്.
  വളരെ നന്നായിണ്ട്.

  ReplyDelete
 17. നിങ്ങളുടെ വീട്‌ നിങ്ങളുടെ തന്നെ ബൃഹദാകാരം എന്ന്‌ പറഞ്ഞത്‌ ഖലീല്‍ ജിബ്രാന്‍. അകം പൊള്ളയായ നമുക്ക്‌ പാര്‍ക്കാന്‍ ആത്മാവില്ലാത്ത വീടുകള്‍. നല്ല കവിത. നന്നായി പറഞ്ഞു.

  ReplyDelete
 18. നിങ്ങളുടെ വീട്‌ നിങ്ങളുടെ തന്നെ ബൃഹദാകാരം എന്ന്‌ പറഞ്ഞത്‌ ഖലീല്‍ ജിബ്രാന്‍. അകം പൊള്ളയായ നമുക്ക്‌ പാര്‍ക്കാന്‍ ആത്മാവില്ലാത്ത വീടുകള്‍. നല്ല കവിത. നന്നായി പറഞ്ഞു.

  ReplyDelete
 19. സംഭവം വളരെ നിസാരം "പണി തീരാത്ത വീട് "
  എന്നാൽ അതിനു പിന്നിലെ വേദനകളോ ?
  ...നല്ല എഴുത്ത് ദെജവൂൂ

  ReplyDelete
 20. ഇതൊരു ഗൾഫുകാരന്റെ വീടിനെക്കുറിച്ചാകാം കവിത.
  നന്നായിരിക്കുന്നു.
  ആശംസകൾ...

  ReplyDelete