Thursday, 26 September 2013

ട്രെയിന്‍ കാത്തുനില്‍ക്കുന്നവര്‍





ഏകാന്തതയുടെ ഒറ്റതുരുത്തുപോലെ ,
രാത്രിയില്‍, മങ്ങിയ വെളിച്ചത്ത്
ആളൊഴിഞ്ഞുതുടങ്ങുന്നൊരു
ചെറു റെയില്‍വേ സ്റ്റേഷന്‍....

നിര്‍ത്താതെ പാഞ്ഞുപോകുന്ന
തിരക്കുള്ള തീവണ്ടികളോരോന്നും
അമ്പരപ്പോടെ നോക്കുന്നത്...;
ഒഴിഞ്ഞ സിമന്റ്‌ ബെഞ്ചിനരുകില്‍
ഒറ്റയ്ക്കനങ്ങാതെ ട്രെയിന്‍
കാത്തുനില്‍ക്കുന്ന ഒരാളിലേക്കാണ്....!

കിതച്ചുവന്നു നില്‍ക്കുന്ന വണ്ടികളുടെ
മുരള്‍ച്ചകള്‍ അയാളുടെ മൌനത്തില്‍
മുങ്ങിപോകുന്നു......!
പാളങ്ങളെ വിറപ്പിക്കുന്ന
വേഗതകള്‍ , അയാളുടെ നിശ്ചേഷ്ടതയിലേക്ക്
ഊറി ഊറി നിശ്ചലമാകുന്നു.....!!
തിങ്ങിനിറഞ്ഞ ബോഗികളിലെ
തിടുക്കങ്ങളെല്ലാം അയാള്‍ക്കു ചുറ്റും
പടരുന്ന ഏകാന്തതയിലേക്ക് അലിഞ്ഞുതീരുന്നു.........!!!

തിരക്കുള്ള ബോഗികളില്‍ ഒറ്റപെട്ടുപോയ
ചില ജാലകക്കണ്ണുകള്‍ മാത്രം....
തിരിച്ചറിയുവാനാകാത്തവിധം ഉറഞ്ഞുപോയ
വികാരങ്ങളെ വായിച്ചെടുക്കുന്നുണ്ട്..;

നിര്‍ത്തുന്ന ട്രെയിനുകളില്‍ ഒന്നും കയറാതെ ,
ഒറ്റയ്ക്കനങ്ങാതെ , മൂകമായ്
പ്ലാറ്റ്ഫോമില്‍ ഒരു മൂലയില്‍
ഒരോര്‍മ്മതെറ്റുപോലെ
അയാള്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നു...!!!

ഇരുട്ടൊന്നു കനത്ത് ,
ആളെല്ലാം ഒഴിയുമ്പോള്‍ ,
പ്ലാറ്റ്ഫോമിന്‍റെ ഒരറ്റത്തേക്ക്‌
ഏറെ ദൂരം നടന്ന്,
താഴേക്കിറങ്ങി
ഒറ്റയ്ക്കനങ്ങാതെ നിശബ്ദതമായ് ,
അയാള്‍; അയാള്‍ മാത്രം
പാളങ്ങളില്‍ തല വെച്ച്
 ട്രെയിന്‍ കാത്തു കിടക്കുന്നു...!!!!








Saturday, 7 September 2013

മരുഭൂമിയിലെ മരങ്ങള്‍



പച്ചപ്പില്‍ നിന്ന് പറിച്ചു നട്ട്
മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയൊരു മരം ,
കിളിയൊച്ചകള്‍ക്കും ഇലയനക്കങ്ങള്‍ക്കും
കാത്തിരിക്കുന്നില്ല....!!
കിളിക്കൂടും, തളിരും, കുളിരുന്ന
മഴകളും ഇപ്പോള്‍ സ്വപ്നം കാണാറുമില്ല.......!!

ശൂന്യതയിലേക്ക് നീട്ടിയ ചില്ലകള്‍
പോലും വെട്ടിമുറിച്ചൊതുക്കപ്പെട്ടിരിക്കുന്നു ,
വെയില്‍ പൊള്ളിച്ചു  വിണ്ടുകീറിയ
ഉടലില്‍ കുടുങ്ങുന്നത് വരണ്ടുപോയ ആത്മാവ് ,
വേരുകളുടെ ആഴങ്ങള്‍ക്ക് കൃത്യമായ
അതിര്‍ത്തികള്‍ കുറിക്കപ്പെട്ടിരിക്കുന്നു.....

വേരുകള്‍ പിഴുത് ഒഴുകാന്‍
ഒരുങ്ങുമ്പോളാണ് ,
വേരറുക്കാന്‍ കൊടുംകാറ്റും
നിലയില്ലാതൊഴുകുവാന്‍
ഒരു പ്രളയവും വേണമെന്നറിയുന്നത്....!!

സ്വയം ഒടുങ്ങുവാന്‍ ആകാത്ത
നിസ്സഹായത ഉള്ളില്‍ പടരുമ്പൊളും ,
തണ്ടില്‍ ഇഴയുന്ന ജീവന്റെ
അവസാന കണികയും അടര്‍ത്തിമാറ്റീടുവാന്‍
മരം തപസിലാണ്

വിടരാന്‍ മടിക്കുന്ന പച്ച വറ്റിയ
ഇലനാമ്പുകളൊന്നില്‍  ഗൂഢാക്ഷരങ്ങളില്‍
മരമൊരു ശാപം കുറിച്ചുവെച്ചിട്ടുണ്ട്....!!
ആ ഇല നിലംപതിക്കുന്ന നാളാകും
മരുഭൂമിയില്‍ പ്രളയമുണ്ടാകുന്നതും
ജീവനുകളൊന്നായി ഒലിച്ചുപോകുന്നതും…..!!!