Thursday, 26 September 2013

ട്രെയിന്‍ കാത്തുനില്‍ക്കുന്നവര്‍





ഏകാന്തതയുടെ ഒറ്റതുരുത്തുപോലെ ,
രാത്രിയില്‍, മങ്ങിയ വെളിച്ചത്ത്
ആളൊഴിഞ്ഞുതുടങ്ങുന്നൊരു
ചെറു റെയില്‍വേ സ്റ്റേഷന്‍....

നിര്‍ത്താതെ പാഞ്ഞുപോകുന്ന
തിരക്കുള്ള തീവണ്ടികളോരോന്നും
അമ്പരപ്പോടെ നോക്കുന്നത്...;
ഒഴിഞ്ഞ സിമന്റ്‌ ബെഞ്ചിനരുകില്‍
ഒറ്റയ്ക്കനങ്ങാതെ ട്രെയിന്‍
കാത്തുനില്‍ക്കുന്ന ഒരാളിലേക്കാണ്....!

കിതച്ചുവന്നു നില്‍ക്കുന്ന വണ്ടികളുടെ
മുരള്‍ച്ചകള്‍ അയാളുടെ മൌനത്തില്‍
മുങ്ങിപോകുന്നു......!
പാളങ്ങളെ വിറപ്പിക്കുന്ന
വേഗതകള്‍ , അയാളുടെ നിശ്ചേഷ്ടതയിലേക്ക്
ഊറി ഊറി നിശ്ചലമാകുന്നു.....!!
തിങ്ങിനിറഞ്ഞ ബോഗികളിലെ
തിടുക്കങ്ങളെല്ലാം അയാള്‍ക്കു ചുറ്റും
പടരുന്ന ഏകാന്തതയിലേക്ക് അലിഞ്ഞുതീരുന്നു.........!!!

തിരക്കുള്ള ബോഗികളില്‍ ഒറ്റപെട്ടുപോയ
ചില ജാലകക്കണ്ണുകള്‍ മാത്രം....
തിരിച്ചറിയുവാനാകാത്തവിധം ഉറഞ്ഞുപോയ
വികാരങ്ങളെ വായിച്ചെടുക്കുന്നുണ്ട്..;

നിര്‍ത്തുന്ന ട്രെയിനുകളില്‍ ഒന്നും കയറാതെ ,
ഒറ്റയ്ക്കനങ്ങാതെ , മൂകമായ്
പ്ലാറ്റ്ഫോമില്‍ ഒരു മൂലയില്‍
ഒരോര്‍മ്മതെറ്റുപോലെ
അയാള്‍ ട്രെയിന്‍ കാത്തു നില്‍ക്കുന്നു...!!!

ഇരുട്ടൊന്നു കനത്ത് ,
ആളെല്ലാം ഒഴിയുമ്പോള്‍ ,
പ്ലാറ്റ്ഫോമിന്‍റെ ഒരറ്റത്തേക്ക്‌
ഏറെ ദൂരം നടന്ന്,
താഴേക്കിറങ്ങി
ഒറ്റയ്ക്കനങ്ങാതെ നിശബ്ദതമായ് ,
അയാള്‍; അയാള്‍ മാത്രം
പാളങ്ങളില്‍ തല വെച്ച്
 ട്രെയിന്‍ കാത്തു കിടക്കുന്നു...!!!!








8 comments:

  1. അയാള്‍; അയാള്‍ മാത്രം
    പാളങ്ങളില്‍
    ട്രെയിന്‍ കാത്തു നില്‍ക്കുന്നു...!!!!

    ReplyDelete
  2. അയാളുടെ ഏകാന്തത മനസ്സില്‍ കൊണ്ടു. അയാള്‍ക്കുള്ള ട്രെയിന്‍ ഒരിക്കലും വരാതിരുന്നെങ്കില്‍ ..

    ReplyDelete
  3. ഒരുപക്ഷെ ഇവിടെ ഞാന്‍ ആദ്യമാകും.എന്തെ ഇത് വരെ വരാൻ വൈകി എന്നോർത്ത് പോയി ... ശക്തമായ വരികൾ .. ട്രെയിൻ യാത്രകൾ എന്നും ഒരു പിടി ഓർമ്മകൾ സമ്മാനിക്കാറുണ്ട്.. തിരക്കുള്ള ബോഗികളില്‍ ഒറ്റപെട്ടുപോയ
    ചില ജാലകക്കണ്ണുകള്‍ മാത്രം....തിരിച്ചറിയുവാനാകാത്തവിധം ഉറഞ്ഞുപോയ
    വികാരങ്ങളെ വായിച്ചെടുക്കുന്നുണ്ട്..;
    അഭിനന്ദനങ്ങള്‍......
    വീണ്ടും വരാം ,
    സസ്നേഹം
    ആഷിക് തിരൂർ

    ReplyDelete
  4. തിരക്കുള്ള ബോഗികളില്‍ ഒറ്റപെട്ടുപോയ
    ചില ജാലകക്കണ്ണുകള്‍ മാത്രം....
    തിരിച്ചറിയുവാനാകാത്തവിധം ഉറഞ്ഞുപോയ
    വികാരങ്ങളെ വായിച്ചെടുക്കുന്നുണ്ട്..;????????????????

    ReplyDelete
  5. ഏകാകിയാമൊരു യാത്രികന്‍

    ReplyDelete
  6. പോർട്ടർമാർക്ക് പണിയായി

    ReplyDelete
  7. ട്രെയിൻ കാത്ത് എത്ര പേർ.. ചിലർ സ്വപ്നങ്ങളിൽ തല ചായ്ച്ച്; ചിലർ പാളങ്ങളിൽത്തന്നെ തല ചായ്ച്ച്!!

    നന്നായി എഴുതി.

    ശുഭാശംസകൾ....

    ReplyDelete
  8. അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി സുഹൃത്തുകളെ......

    ReplyDelete