Saturday, 7 September 2013

മരുഭൂമിയിലെ മരങ്ങള്‍



പച്ചപ്പില്‍ നിന്ന് പറിച്ചു നട്ട്
മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയൊരു മരം ,
കിളിയൊച്ചകള്‍ക്കും ഇലയനക്കങ്ങള്‍ക്കും
കാത്തിരിക്കുന്നില്ല....!!
കിളിക്കൂടും, തളിരും, കുളിരുന്ന
മഴകളും ഇപ്പോള്‍ സ്വപ്നം കാണാറുമില്ല.......!!

ശൂന്യതയിലേക്ക് നീട്ടിയ ചില്ലകള്‍
പോലും വെട്ടിമുറിച്ചൊതുക്കപ്പെട്ടിരിക്കുന്നു ,
വെയില്‍ പൊള്ളിച്ചു  വിണ്ടുകീറിയ
ഉടലില്‍ കുടുങ്ങുന്നത് വരണ്ടുപോയ ആത്മാവ് ,
വേരുകളുടെ ആഴങ്ങള്‍ക്ക് കൃത്യമായ
അതിര്‍ത്തികള്‍ കുറിക്കപ്പെട്ടിരിക്കുന്നു.....

വേരുകള്‍ പിഴുത് ഒഴുകാന്‍
ഒരുങ്ങുമ്പോളാണ് ,
വേരറുക്കാന്‍ കൊടുംകാറ്റും
നിലയില്ലാതൊഴുകുവാന്‍
ഒരു പ്രളയവും വേണമെന്നറിയുന്നത്....!!

സ്വയം ഒടുങ്ങുവാന്‍ ആകാത്ത
നിസ്സഹായത ഉള്ളില്‍ പടരുമ്പൊളും ,
തണ്ടില്‍ ഇഴയുന്ന ജീവന്റെ
അവസാന കണികയും അടര്‍ത്തിമാറ്റീടുവാന്‍
മരം തപസിലാണ്

വിടരാന്‍ മടിക്കുന്ന പച്ച വറ്റിയ
ഇലനാമ്പുകളൊന്നില്‍  ഗൂഢാക്ഷരങ്ങളില്‍
മരമൊരു ശാപം കുറിച്ചുവെച്ചിട്ടുണ്ട്....!!
ആ ഇല നിലംപതിക്കുന്ന നാളാകും
മരുഭൂമിയില്‍ പ്രളയമുണ്ടാകുന്നതും
ജീവനുകളൊന്നായി ഒലിച്ചുപോകുന്നതും…..!!!

6 comments:

  1. മരുവൃക്ഷങ്ങള്‍ പക്ഷെ പ്രചോദനാത്മകവുമാണ്!

    ReplyDelete
  2. വളരെ നല്ല കവിത.ശ്രീ.ഭാനു കളരിക്കലിന്റെ, 'ഏകാകിനിയായ മരം' എന്നൊരു കവിതയുണ്ട്.(http://jeevithagaanam.blogspot.com/2013/07/blog-post_14.html)ഇതു വായിച്ചപ്പോൾ അതും മനസ്സിലേക്കെത്തി. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
  3. വിടരാന്‍ മടിക്കുന്ന പച്ച വറ്റിയ
    ഇലനാമ്പുകളൊന്നില്‍ ഗൂഢാക്ഷരങ്ങളില്‍
    മരമൊരു ശാപം കുറിച്ചുവെച്ചിട്ടുണ്ട്....!!
    ആ ഇല നിലംപതിക്കുന്ന നാളാകും
    മരുഭൂമിയില്‍ പ്രളയമുണ്ടാകുന്നതും
    ജീവനുകളൊന്നായി ഒലിച്ചുപോകുന്നതും…..!!!
    --------------------------------------- സത്യം !!

    ReplyDelete
  4. നന്നായി ട്ടോ . സുഖമുള്ള വരികൾ

    ReplyDelete
  5. ഇലനാമ്പുകളൊന്നില്‍ ഗൂഢാക്ഷരങ്ങളില്‍
    മരമൊരു ശാപം കുറിച്ചുവെച്ചിട്ടുണ്ട്....മരുഭൂമിയിലെ മരങ്ങൾ ഒളിപ്പിച്ചുവച്ച സത്യം

    ReplyDelete